ഒരു ചുവർ ചിത്രം (A Portrait)

ഒരു ചുവർ ചിത്രം (A Portrait)

കൈയിൽ എന്തോ തിളങ്ങുന്നത് പോലെ...
ഞാൻ അതിലൊന്ന്  സൂക്ഷിച്ചു നോക്കി...
അന്ധകാരത്തിലൂടെ പാറി നടന്ന ആ തൂവൽ ഇതാ എൻ്റെ കൈക്കുള്ളിൽ  ഒരു പൊൻതൂവൽ ആയി മാറിയിരിക്കുന്നു... 

അതിൽ സ്വർണ്ണലിബികളിൽ എന്തോ എഴുതിയിരിക്കുന്നു...

ആ തങ്കതിളക്കം  എൻ്റെ കണ്ണുകളുമായി ഇഴകി ചേരാൻ അല്പം സമയം എടുത്തു എങ്കിലും ഞാൻ അത് വായിച്ചു, 


" പീലി വിടർത്തി നിൽക്കുന്ന മയിലിനെ പോലെ അതീവ സുന്ദരം....

പാതിയടഞ്ഞ മാൻപേട മിഴികൾ...

അതിൽ കവിതകൾ അലയടിക്കുന്നത് പോലെ...

കുങ്കുമപ്പൂവിൻ നിറമുള്ള  കവിളുകൾ... 

എന്തോ പറയാൻ വെമ്പുന്ന ചുണ്ടുകൾ...

അതിൽ ഒരു പനിനീർപൂവിതൾ വീണു കിടക്കുന്നത് പോലെ ..


അങ്ങനെ പ്രശംസകളുടെ കൊടുമുടിയിൽ ഞാൻ  നിൽക്കുമ്പോൾ..

ജന്മം തന്ന കൈകളെ ഉപേക്ഷിച്ച് വേറെ ഒരു ചുവരിലേക്ക് ഞാൻ പറ്റിച്ചേർക്കപ്പെട്ടു..

ഒരിത്തിരി നാൾ കൂടി നിൽക്കാൻ അനുവദിച്ചിരുന്നെങ്കിൽ എന്ന ചോദ്യം നിശ്ചലമായ ഒരു നോട്ടത്തിൽ ഒതുക്കി ഞാൻ പടിയിറങ്ങി..

കണ്ണെത്താ ദൂരത്തേക്ക് അകന്ന് പോകുമ്പോഴും ആരും അറിയാതെ ഞാൻ എൻ്റെ നൊമ്പരത്തെ അടക്കി പിടിച്ചു...

എന്നെ ഏറ്റുവാങ്ങിയ കൈകൾ എന്നെ താലോലിച്ച് കൊണ്ടേയിരുന്നു...

പ്രശംസിച്ച് കൊണ്ടേയിരുന്നു...

അങ്ങനെ ഒരു ഇടത്തരം വീട്ടിലെ കണ്ണാടി ചില്ലിനുള്ളിലെ  ചുവർചിത്രമായി അന്ന് ഞാൻ മാറി.. 


പുറംലോകം എന്നത് സ്വപ്നത്തിൽ മാത്രം ഒതുങ്ങി... 

ഓരോ മഴത്തുള്ളിയും അവരോടൊപ്പം തുള്ളിക്കളിക്കാൻ എന്നെ കൂട്ടുവിളിക്കുന്നത് പോലെ..


ജനൽ ചില്ലിൻ മേലെ പിടിവിടാതെ മുറുകെ പിടിച്ചിരുന്ന ആ അവസാന  മഴത്തുള്ളിയും പറയാൻ എന്തെക്കെയോ ബാക്കി വെച്ച് സൂര്യനിൽ ലയിച്ചു.. 

ജനാലവാതിലിലൂടെ അകത്തു കടക്കുന്ന സൂര്യകിരണങ്ങളെ ഞാൻ കൊതിയോടെ നോക്കി..

ചില്ല് കണ്ണാടിക്കുളളിലേക്കു അവർ  ചായക്കൂട്ടുകൾ വാരിവിതറി...

ഓരോ നിറങ്ങളും ഓരോ രഹസ്യം പറയുന്നത് പോലെ..

ഓരോ രഹസ്യവും ഓരോ സത്യം പോലെ.. 

ഓരോ സത്യങ്ങളും  ഓരോ തിരിച്ചറിവുകൾ ആയിരുന്നു...

ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി..


തുറന്നിട്ട ജനൽ പാളിയിലൂടെ മാറി മാറി വന്ന ഋതുക്കളെ ഞാൻ ആസ്വദിച്ചു... 

ദൂരെ കാണുന്ന ആ മലഞ്ചേരുവിൽ തലചായ്ച്ചുറങ്ങാൻ ഞാൻ ആഗ്രഹിച്ചു..

അവിടെ ചെന്ന് ആകാശത്തിലെ  മേഘക്കൂട്ടങ്ങളെ എത്തി പിടിക്കാൻ ഞാൻ ആശിച്ചു..

അതിനോടൊപ്പം കണ്ണ് പൊത്തി കളിക്കാൻ ഞാൻ കൊതിച്ചു...

ആ കണ്ണാടി കൂട്ടിനുള്ളിൽ നിശ്ചലമായി നിന്ന എന്നെ, പ്രകൃതി എന്നും മാടി വിളിച്ചുകൊണ്ടേയിരുന്നു..


പതുക്കെ പതുക്കെ പഴമയുടെ ജരാനരകൾ എന്നെയും പിടികൂടി...

അങ്ങനെ എന്നെ താലോലിച്ച കൈകൾ....

പുകഴ്ത്തിയ നാവുകൾ...

നോക്കിയ കണ്ണുകൾ...

എൻ്റെ അടുക്കലേക്കു വരാതെയായി..

ദൂരെ നിന്നു പോലും ഒന്ന്  നോക്കാതെയായി...


അങ്ങനെ ഒരിക്കൽ എന്നിലേക്ക് നീണ്ട് വന്ന ആ  കൈകളിൽ നിന്നും വീണ്ടും ഒരു തലോടൽ പ്രതീക്ഷിച്ച് ഞാൻ നിൽക്കുമ്പോൾ...

കണ്ണാടി ചില്ലിൽ നിന്ന് എന്നെ പുറത്തെടുത്തു ജനൽ പാളിയിലൂടെ  പുറത്തേക്ക് വലിച്ചിച്ചെറിഞ്ഞു...


പുറംലോകം എന്നും എൻ്റെ സ്വപനം ആയിരുന്നു.... 

എന്നാലും,  സ്നേഹം തന്ന കൈകൾ എന്നെ ഒരു നിമിഷം പോലും ചേർത്ത് പിടിക്കാതെ.. 

ഒന്ന് തലോടാതെ...

പുറത്തെറിഞ്ഞു കളഞ്ഞപ്പോൾ എൻ്റെ ഉള്ളം തേങ്ങി...

ഹൃദയം പിടഞ്ഞു...


എങ്കിലും, 

പുതിയ ലോകത്തിൽ മനസ്സ് അർപ്പിച്ച് ഞാൻ മുന്പോട്ട് നീങ്ങി...

ഇളംകാറ്റിൽ ചരിഞ്ഞും മറിഞ്ഞും തലചായിച്ചും ദീർഘ ദൂരം ഞാൻ യാത്ര ചെയ്തു.. 

എൻ്റെ മനസിൻ്റെ മുറിവുകളെ ഇളംതെന്നൽ, തലോടലുകൾ കൊണ്ട് തുന്നി കെട്ടി..


അപ്പോൾ ചുവന്ന ഒരു പനിനീർപുഷ്പത്തിൻ്റെ നോട്ടം എൻ്റെ കണ്ണുകളിൽ കുടുങ്ങി..

മെല്ലെ മെല്ലെ ഞാൻ അതിൽ ചായാൻ കൊതിച്ചു.. 

അടുക്കുന്തോറും അതിൻ്റെ സുഗന്ധം എന്നെ മാടി വിളിച്ചു..

അവസാനം ഞാൻ അതിൽ തൊട്ടു...  എൻ്റെ ദേഹത്ത്  എവിടേയ്‌ക്കെയോ നീറ്റൽ അനുഭവപ്പെട്ടു....

അതിൽ ഒളിഞ്ഞു കിടന്നിരുന്ന മുള്ളുകൾ എന്റെ ദേഹം ആകെ കുത്തി മുറിവേല്പിച്ചു... 

അപ്പോഴും കൈവിടാതെ ഇളംകാറ്റ് എൻ്റെ ഒപ്പം ഉണ്ടായിരുന്നു.. 


ആ മുള്ളുകളുടെ ഇടയിൽ നിന്നു ഇളംകാറ്റു എന്നെ എഴുന്നേൽപ്പിച്ചു...

ഈ ലോകത്തിലെ ചതി കുഴികളുടെ കഥകൾ പറഞ്ഞു തന്നു.. 

അനുസരണയുള്ള ഒരു കുട്ടിയെ പോലെ ഞാൻ കാറ്റിനൊപ്പം സഞ്ചരിച്ചു... 

അതിൻ്റെ കരുതലിൽ വീണ്ടും എൻ്റെ മുറിവുകൾ ഉണങ്ങി.. 


പ്രപഞ്ചത്തിൻ്റെ ശാസനയിൽ  തെന്നലിന് എവിടെയോ പതുങ്ങേണ്ടി വന്നപ്പോൾ 

ഇളംചൂടുള്ള മണൽത്തരി മേലേ  ഞാൻ ചെന്ന് വീണു ...

മണൽത്തരികളുടെ സ്പർശനം  പോലും എൻ്റെ ശരീരത്തെ നോവിച്ചു..

സൂര്യൻ്റെ കത്തുന്ന ചൂടിലും 

രാത്രിയുടെ പേടിപ്പെടുത്തുന്ന ഇരുട്ടിലും ഇളംതെന്നൽ എനിക്ക് കൂട്ടായിരുന്നു....

ഇടയ്ക്ക് തെന്നൽ, മഴയ്ക്ക് വഴിമാറി കൊടുക്കേണ്ടി വന്നു..

എന്നെ താങ്ങിനിർത്തിയ ആ കൈകൾ പിൻവലിക്കപ്പെട്ടപ്പോൾ എൻ്റെ ദേഹം വീണ്ടും ക്ഷയിച്ച പോലെ...


എങ്കിലും പഞ്ഞിമേഘങ്ങൾ കുടഞ്ഞിടുന്ന ഓരോ മഴത്തുള്ളികളിലും പ്രതീക്ഷ അർപ്പിച്ച് കണ്ണും നട്ട് ഞാൻ കിടന്നു...

മേഘങ്ങൾ ഇരുളും തോറും എൻ്റെ ഉള്ളം ഒരു മയിലായി മാറി.. 

കാത്തിരിപ്പിനോടുവിൽ മേഘങ്ങൾ മുത്തു പൊഴിച്ചു... 

അതിനെ ആസ്വദിക്കാൻ എൻ്റെ ഉള്ളം തുടിച്ചു..

ഞാൻ എന്റെ കണ്ണുകളെ അടച്ചു.. 


തുള്ളികൾ എൻ്റെ ദേഹത്തു പതിഞ്ഞതും വേദന കൊണ്ട് ഞാൻ പുളഞ്ഞു... 

പെട്ടെന്ന് എങ്ങോട്ടോ ഓടി മറയണം എന്ന് ഞാൻ ആഗ്രഹിച്ചു... 

വീണ്ടും ആ സത്യം ഞാൻ തിരിച്ചറിഞ്ഞു...

ആസ്വദിക്കാനുള്ള എന്റെ ആഗ്രഹത്തിൻ്റെ മേലെ പ്രായം അധികാരം സ്ഥാപിച്ചിരിക്കുന്നു..

എൻ്റെ ശരീരത്തെ കീഴപെടുത്തിയിരിക്കുന്നു...


ഒരിക്കൽ ജനലായിലൂടെ എന്നെ കളിക്കാൻ കൂട്ട് വിളിച്ച മഴത്തുള്ളികൾ ഇന്ന് ചിതറി വീണ  മഞ്ഞുകട്ടകൾ പോലെയും.....

അതിൻ്റെ നൊമ്പരം തെറിച്ചു വീണ്  എരിയുന്ന കനൽ പോലെയും തോന്നി... 

മണ്ണിൽ അലിഞ്ഞു ചേർന്ന ആ മഴത്തുള്ളികൾക്കൊപ്പം ഞാനും അലിഞ്ഞു തീർന്നു...

എന്നും, 

ഞാൻ എന്ന ഭാരത്തെ വഹിച്ച്,  

എൻ്റെ വേദനങ്ങളിലും സന്തോഷങ്ങളിലും ഒരു പോലെ പങ്കാളിയായ...

എൻ്റെ നേർപാതിയായ...

ആ കടലാസും എനിക്കൊപ്പം കൂട്ടായി മണ്ണിൽ ചേർന്നു...


അന്ധകാരത്തിലൂടെ പറത്തിവിട്ട തൂവൽ പോലെ ഞാൻ പാറി നടന്നു... 

അപ്പോഴും ഇളംകാറ്റ് എനിക്ക് കൂട്ടുണ്ടായിരുന്നു... 


ഒരു ചിത്രം ആയി ഞാനാ ചുവരിൽ നിന്നപ്പോഴും...

ഞാൻ 'നിന്നെ' അറിയുന്നുണ്ടായിരുന്നു..

വീണയിൽ നിന്ന് ഇറ്റുവീഴുന്ന നാദം  പോലെയുള്ള നിൻ്റെ സ്വരം ഞാൻ   കേൾക്കുന്നുണ്ടായിരുന്നു...

ആരും കാണാതെ തേങ്ങുന്ന നിന്നെ ഞാൻ കാണുന്നുണ്ടായിരുന്നു... 

ഈശ്വരൻ്റെ മുൻപിൽ കത്തിച്ചു വെച്ചിരിന്ന നിലവിളക്കിലെ തിരിയായി നീ എരിഞ്ഞു തീരുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു... 

മറ്റൊർക്കോ വേണ്ടി എരിഞ്ഞു തീരുന്ന ഒരു തിരി!!!!!

മാറ്റാർക്കോ വേണ്ടി ഓടി തീർക്കുന്ന ജീവിതം!!!!

ആ തിരിയിൽ കത്തിതീർന്ന നിൻ്റെ സ്വപ്നങ്ങളുടെ കരച്ചിൽ എനിക്ക് കേൾക്കാമായിരുന്നു...

ഓടിയെപ്പോൾ ചവിട്ടി നോവിച്ച നിൻ്റെ ആഗ്രഹങ്ങളുടെ തേങ്ങൽ ഞാൻ കാണുന്നുണ്ടായിരുന്നു... 

മറ്റാർക്കോ വേണ്ടി ജീവിക്കുന്നത് ഒരു  പുണ്യം ആണ്... 

എന്നാൽ സ്വപ്നങ്ങൾ നേടുന്നത് വരണ്ട ആത്മാവിൽ വന്നു വീഴുന്ന ഒരു തുള്ളി അമൃതാണ്..

അതു ജീവന് ഒരു ഉണർവ്വാണ്..


ജീവിതം ഒരു ദീപശിഖ ആണ്..

നീന്നിൽ ഞാൻ കണ്ടത് എന്നെയാണ്...

എരിഞ്ഞു തീരുന്നതിനു മുൻപേ ഒന്ന് ആലോചിക്കുക....  

ദൂരങ്ങൾ ഇനിയും ബാക്കി ഉണ്ട്...

.............."


ലിബികളിലെ തിളക്കത്തിൻ്റെ ശക്തികൂടി കൂടി വന്നു.. 

പൊടുന്നനെ ഞാൻ താഴെ വീണു...

പെട്ടെന്ന് സ്വപ്നത്തിൽ നിന്ന് ഞാൻ ചാടി എണീറ്റു... 

ഞാൻ വല്ലാതെ വിയർത്തിരിക്കുന്നു.. 

രാത്രി ഒരുപാട് വൈകിയിരിക്കുന്നു... 

എല്ലാവരും നല്ല ഉറക്കത്തിൽ ആയിരിക്കുന്നു... 


എന്താണ് ഞാൻ കണ്ടത്!!!


കട്ടിലിൽ നിന്നു മെല്ലെ ഞാൻ ഇറങ്ങി... 

ഒച്ച ഉണ്ടാക്കാതെ ഇടനാഴിലേക്കു  ഞാൻ വേഗം നടന്നു.. 

എൻ്റെ കണ്ണുകൾ അതിനെ അന്വേഷിച്ചു..

അത് എവിടെ? 

അവിടെ ചുവരിൽ ഉണ്ടായിരുന്ന ആ ചുവർ ചിത്രം അവിടെ ഇല്ല... 

അരികിൽ ഉള്ള ജനൽ പാളി തുറന്ന് ദൂരെ ആകാശത്തെ പുണർന്നു കിടക്കുന്ന  മലനിരകളിലേക്ക് ഞാൻ നോക്കി നിന്നു...

ഞാൻ കണ്ടത് സ്വപ്നമോ അതോ എൻ്റെ ജീവിതമെന്ന സത്യമോ..

കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ  എൻ്റെ കവിളിനെ നനച്ചു...

അപ്പോഴിതാ, 

എൻ്റെ കണ്ണീരിനെ ഉണക്കി, 

കവിളിൽ  താലോടി, 

മുടിയിഴകളെ മെല്ലെ മുഖത്തേക്ക് തട്ടിയിട്ട്,

ഒരു ആശ്വാസമായി,

ഒരു വഴികാട്ടിയായി,

എനിക്കു വേണ്ടിയും കൂട്ടുവന്നിരിക്കുന്നു..............

മാലാഖയായി ആ ഇളംതെന്നൽ.....


Comments

  1. This is ammu .... nice story chechi ... please upload more stories. I am eagerly waiting

    ReplyDelete
  2. Hai I am ammu... nice story chechi. Please upload more stories. I am eagerly waiting...

    ReplyDelete
  3. Vaayikkunnavare swantham kanniloode kaanan kothippikkunna vakkukal...jeevanulla bhaavangal...
    All supports for ur attempts...##✌

    ReplyDelete
  4. Youtube Sports Review 2021 (with Review & Streaming Guide)
    YouTube is a leading provider of video and streaming solutions. The brand is located in Berlin, Germany and holds offices in  Rating: 4 youtube downloader · ‎Review by Vienne Garcia

    ReplyDelete

Post a Comment

Popular posts from this blog

ഓർമ്മകളിലെ ഡിസംബർ

മഴത്തുള്ളിക്കിലുക്കം