രാത്രി



 

ഏകാന്തത ഇഷ്ടപ്പെടുന്നവരുടെ  രാത്രി...

അന്ധകാരം ആസ്വദിക്കുന്നവരുടെ  രാത്രി...

നിലാവിനെ പ്രണയിക്കന്നവരുടെ  രാത്രി..

അങ്ങനെ ഞാൻ എന്ന രാത്രിക്ക്  പകലിനേക്കാൾ വിശേഷണങ്ങൾ  

ഏറെയുണ്ട് ….


എല്ലാ വർണ്ണങ്ങളും ഒളിഞ്ഞു  കിടക്കുന്ന ആ കറുത്ത നിറമുള്ള  പുതപ്പ് , എന്നിലേക്ക്  വലിച്ചെറിഞ്ഞ്  സൂര്യൻ എങ്ങോ

മായുമ്പോൾ ... 

പ്രാർത്ഥനയിൽ മുഴുകി നിൽക്കുന്ന സന്ധ്യ ദീപങ്ങൾ എൻ്റെ  ഉള്ളിൽ  ശക്തി പകരുന്നു...


എൻ്റെ  ഉള്ളിലെ  കറുപ്പിന്  ആഴം  കൂടുമ്പോൾ, ദുഷ്ട ആത്മാക്കൾക്ക് അത്  ക്രൂരതയുടെ  ഒരു  മറവാകുന്നു...


അപ്പോൾ  ആരും  അറിയാതെ  എൻ്റെ  ഉള്ളം  തേങ്ങുന്നു ...

മനസ് വിതുമ്പുന്നു...

കണ്ണുനിറയുന്നു ...

അപ്പോൾ  ആകാശത്തിലെ  മേഘങ്ങൾ  പഞ്ഞികെട്ടുകളായി  വന്നെൻ്റെ കണ്ണീരൊപ്പുന്നു...

ഇടക്കിടെ വന്നെന്നെ  തൊട്ട്  ഇക്കിളി  കൂട്ടുന്നു...

ദൂരെ  നിന്ന്  വീശുന്ന  ആ  പടിഞ്ഞാറൻ  കാറ്റിൽ  മേഘങ്ങൾ എനിക്കൊപ്പം  ഒളിച്ച്  കളിക്കുന്നു...

എനിക്ക്  കൂട്ടായി  ഇനിയും  ഒരായിരം നക്ഷത്രങ്ങൾ  ഉണ്ട്...

എന്നെ  ആനന്ദിപ്പിക്കാൻ  നിറപുഞ്ചിരിയോടെ  നിൽക്കുന്ന നിലാവുണ്ട് ....

അതിൻ്റെ  വെള്ളിവെളിച്ചത്തിൽ  ഞാൻ  എന്ന രാത്രി കൂടുതൽ സുന്ദരി ആകുന്നു...


എന്നെ നിലാവ് പുണരുമ്പോൾ തിരമാലകൾ  സന്തോഷം കൊണ്ട് നൃത്തം വെക്കുന്നു....

അപ്പോൾ  നാണം കൊണ്ട് ഞാൻ എൻ മുഖം  മറക്കുന്നു.... 

കാർകൂന്തലിൽ ചാർത്താൻ എല്ലാ പൂമൊട്ടുകളും എനിക്കായ് വിരിയുന്നു...


അങ്ങ് ദൂരെ ചക്രവാളത്തിൽ  സൂര്യ കിരണങ്ങൾ  പതിയുമ്പോൾ, ഞാൻ പൂക്കളുടെ സുഗന്ധത്തിൽ  മതിമറന്ന് നിൽക്കുകയാവാം…

അല്ലെങ്കിൽ ,

നിലാവിൻ്റെ  പ്രണയത്തിൽ  മയങ്ങുകയുമാവാം  ....


സൂര്യദേവാ , നിൻ്റെ  രശ്മികൾ  എന്നെ തൊട്ടുണർത്തുമ്പോൾ, എനിക്ക്  ഇതെല്ലാം  നഷ്ടമാകുന്നു...

ഞാൻ എന്ന ഇരുട്ടിലേക്ക്  നീ നിറങ്ങൾ  വാരി  വിതറുമ്പോൾ  കഴിഞ്ഞ നിമിഷങ്ങളുടെ  ഓർമ്മച്ചെപ്പ്  ഞാൻ മെല്ലെ തുറക്കുന്നു ...


രാത്രിയുടെ മറ്റൊരുമുഖം തുറന്ന് കാട്ടാൻ നീ വേണം...

നിന്നിലെ  വർണ്ണങ്ങൾ  മാനവരാശിക്ക്‌  ഒരു  പുത്തൻ  ഉണർവാണ്...  

പ്രതീക്ഷകളുടെ നിറകുടമാണ് ....

നീ  ബാക്കി  വെച്ച്  പോകുന്ന എല്ലാ സ്വപ്നങ്ങൾക്കും ഞാൻ കാവൽ നിൽക്കുന്നു....

കാരണം,

നീ  തരുന്ന  ആ  കറുത്ത പുതപ്പിൽ,  ആരുടെക്കെയോ സ്വപ്നങ്ങൾ , പൊട്ടിയ  കുപ്പിച്ചില്ലുകൾ  പോലെ  കിടക്കുന്നു...

അത്  തിരികെ  നൽകുമ്പോൾ വീണ്ടും  അതിൽ നിറങ്ങളുടെ ഓളങ്ങൾ അലയടിക്കുന്നു ..

അത്  കൊണ്ട് രാത്രിയായ  എനിക്ക്  സൂര്യനായ നീ എന്നും   മിത്രമാണ്. ....


സൂര്യ  വെളിച്ചത്തിൽ  ഒരു  പകലായി  നീ  മായുമ്പോൾ , ഞാൻ  എന്ന  രാത്രി  കറുത്ത  വജ്രക്കല്ല്   പോലെ  ഒരു  മനോഹരിയായി  മാറുന്നു .........................





Comments

Popular posts from this blog

ഒരു ചുവർ ചിത്രം (A Portrait)

ഓർമ്മകളിലെ ഡിസംബർ

മഴത്തുള്ളിക്കിലുക്കം