ഓണം
ഓണം എന്ന് പറയുമ്പോഴെ മനസിലേക്ക് ഓടി വരുന്നത് പണ്ട് സ്കൂളിൽ പഠിച്ചിരുന്ന ഒരു കവിത ആണ്.മാവേലി നാട് വാണിരുന്ന കാലത്തെ കുറിച്ചുള്ള ഒരു കവിത. മലയാളപാഠപുസ്ഥകത്തിലെ ആ താള് ഇപ്പോഴും ഓർമ്മയിൽ തങ്ങി നില്ക്കുന്നു.ഓണക്കോടിയിൽ അണിഞ്ഞൊരുങ്ങിരുന്ന്,മനോഹരമായ ഒരത്തപ്പൂക്കളം തീർക്കുന്ന രണ്ട് പെൺകുട്ടികളും അത്തപൂക്കളത്തിൻ്റെ അരികത്തു തന്നെ കുട ചൂടി നിൽക്കുന്ന മാവേലിയും.
മഞ്ഞ നിറത്തിൽ ഒരൽപ്പം ഓറഞ്ച് നിറം ചാലിച്ച താളിൽ,കറുത്ത മഷിയിൽ അച്ചടിച്ച ആ കവിതയും അതിൻ്റെ ഉള്ളടക്കവും ഇപ്പോഴും മനസ്സിൽ നിറഞ്ഞു നില്ക്കുന്നു. എൻ്റെ ഉള്ളിൽ അന്നും ഒരു സംശയമായിരുന്നു,
അങ്ങനെ ഒരു കാലം ഉണ്ടായിരുന്നോ എന്ന്. ടീച്ചർ ആ
വരികളുടെ അർത്ഥം പറഞ്ഞപ്പോഴെല്ലാം ഞാൻ ആ കാലത്തിൽ ജീവിക്കുക ആയിരുന്നു.
ആ കവിത പഠിപ്പിച്ചു കഴിഞ്ഞപ്പോൾ ഇനിയും അങ്ങനെ ഒരു കാലവും ദേവന്മാർക്ക് പോലും അസൂയ തോന്നിപ്പിച്ച മാവേലിയെ പോലെയുള്ള ഒരു രാജാവും വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോയിരുന്നു.
എന്തായാലും,വീണ്ടും ഒരു ഓണകാലം എത്തി.ആവേശത്തിൻ്റെയും ആഘോഷത്തിൻ്റെയും ഒത്തൊരുമയുടെയും ഒരു പൂക്കാലം.
ഓണത്തിൻ്റെ വരവ് കർക്കിടകത്തിൽ തന്നെ വിളംബരം ചെയ്ത് എത്തുന്ന തുമ്പപൂക്കൾ. അതിൽ നിന്ന് തേൻ നുകരാനും തുള്ളികളിക്കാനും എത്തുന്ന ഓണത്തുമ്പികൾ. ഓണത്തുമ്പികളെ പിടിക്കാൻ പതുങ്ങി പിന്നാലെ ചെല്ലുന്ന കുട്ടികൾ.. ഇതെല്ലാം കണ്ണും മനസും നിറയ്ക്കുന്ന ഓണകാഴ്ചകൾ ആണ്.
ഓണം എന്നാൽ പൂക്കളുടെ ഉത്സവമാണ് കൊയ്ത്ക്കാരുടെ ഉത്സവമാണ് , ഓരോ കേരളീയനും കേരളത്തിൻ്റെ ഓരോ മണ്ണ്ത്തരിക്കും പ്രകൃതിക്കും എല്ലാം തന്നെ ഒരു ഉത്സവമാണ്. ചെത്തി പൂവും തുമ്പപൂവും മുല്ലപ്പൂവും മുക്കുറ്റിയും ജമന്തിയും മന്ദാരപൂക്കളും കൊണ്ട് മെനഞ്ഞ് എടുക്കുന്ന ഒരു പൂപരവതാനി തന്നെയാണ് വീടിൻ്റെ മുറ്റം .ഈ പൂക്കളത്തെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ഓണത്തപ്പനെ കണ്ടാൽ തൂമ്പപൂവ് കൊണ്ടുണ്ടാക്കിയ അട ഇനിയും കിട്ടിയിരുന്നെങ്കിൽ എന്നാ ആശയാണോ മനസ്സിൽ എന്ന് തോന്നിപോകും. മംഗളകരമായ ഓരോ നിമിഷത്തിലും പുതുമയും ഉന്മേഷവും നിലനിർത്തുന്ന തെങ്ങിൻ പൂക്കുലയുമുണ്ട് ഓണത്തപ്പന് കൂട്ടായി.
വീട്ടുമുറ്റത്തെ കൂറ്റൻ മാവിൻ്റെ ഒരു ചില്ലയിലിടുന്ന ഊഞ്ഞാൽ എല്ലാ ഓണക്കാലത്തും ഞങ്ങളുടെ വീട്ടിലെ താരമാണ്.
മഴ പെയ്തൊഴിഞ്ഞ് മാനം തെളിയിച്ച് കർക്കിടക മാസം പൊന്നിൻ ചിങ്ങമാസത്തിന് വഴി മാറിക്കൊടുത്തപ്പോൾ മാനത്ത് ഒരു മഴവില്ല് സമ്മാനമായി ചാർത്തി കിട്ടിയ കഥ മുതൽ,പൊൻകതിർ വിളഞ്ഞ കിടന്ന പാടത്ത് നിന്ന് കൊയ്ത് എടുത്ത നെല്ല് കൊണ്ട് പത്തായം നിറച്ചിരുന്ന കഥകൾ വരെ പണ്ട് കൊയ്ത്തിന് പോയ അമ്മൂമ്മ പറഞ്ഞു തന്നു. അത് കേട്ടപ്പോൾ,എൻ്റെ മനസ്സ്, ആ മഴവിലിൽ നിന്ന് അഞ്ചു വർണ്ണങ്ങൾ എടുത്ത് ഓണവില്ല് ഉണ്ടാക്കി പാടവരമ്പത്ത് കൊയ്തക്കാരുടെ പാട്ടിനൊപ്പവും മുറ്റത്ത് കച്ച മെതിക്കുന്നവരോടൊപ്പവും ശ്രുതിമീട്ടി നടക്കുന്ന ഒരു കൊച്ചുകുട്ടി പോലെയായി മാറി.
അത്തം തുടങ്ങി പത്താം നാൾ വരെ അങ്ങ് കിഴക്കേ നാൽക്കവലയിൽ ഓണാഘോഷങ്ങൾ പൊടി പൊടിക്കുകയായി.തിരുവാതിര കളിയും, വടംവലിയും ഓണത്തല്ലും തലപ്പന്തകളിയും
സുന്ദരിക്ക് പൊട്ട് കുത്തലും ഊഞ്ഞാലാട്ടവും എല്ലാം ഇക്കുറിയും ഉണ്ട്.
തിരുവോണത്തിൽ മാവേലിയെ വരെവേൽക്കാനും സദ്യ ഗംഭീരം ആക്കാനും ഒരു ഉത്രാടപാച്ചിലാണ് പിന്നീട്. തിരുവോണദിനത്തിൽ രാവിലെ തന്നെ കുളിച്ചു ഒരുങ്ങി ഓണക്കോടിയായി കിട്ടിയ കസവുസാരിയും ഉടുത്ത് വീട്ടിൽ ഓണസദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങുകയായി.വീട്ടിലെ അംഗങ്ങൾ എല്ലാവരും കൂടി ചേർന്നൊരു ഒരു വലിയ ഓണാസദ്യ തയ്യാറാക്കുക പതിവായിരുന്നു. ഇത്തവണയും അത് അങ്ങനെ തന്നെ.തൂശനിലയുടെ തുമ്പ് ഇടത്തോട്ട് ഇട്ട് അതിൽ പൊന്നാണയം പോലുള്ള ഉപ്പേരിയും, അകന്ന് മാറിയിരിക്കാൻ ഇഷ്ടപെടാത്ത അവിയൽ കഷണങ്ങളും, പരിപ്പും,പപ്പടവും സാമ്പാറും തുടങ്ങി പഴം,പായസം വരെയുള്ള ഇരുപതിൽ അധികം രുചികൂട്ടുകൾക്കൊപ്പം പങ്ക് വെച്ചത് ഒരുപാട് നാളുകൾക്ക് ശേഷം എല്ലാവരും കണ്ടു മുട്ടിയപ്പോൾ ഉള്ള സ്നേഹം കൂടി ആയിരുന്നു.
ഓണാഘോഷങ്ങൾ എല്ലാം കഴിഞ്ഞ് കൂട്ടുകാരും സ്വന്തക്കാരും ബന്ധുക്കളും എല്ലാവരും പിരിഞ്ഞു പോകുമ്പോൾ നന്മ നിറഞ്ഞ മാവേലി നാട് വാണിരുന്ന
കാലവും പൂവേ പൊലി പൂവേ എന്ന് പാടി ഓടി നടക്കുന്ന കുട്ടികളും ഓണകാലത്തെ ആർപ്പുവിളികളും ആയിരുന്നു മനസ്സിൽ.
ചിങ്ങവും ചിങ്ങനാളിലെ ഓരോ ആഘോഷങ്ങളും അവസാനിച്ച് പ്രകൃതി അടുത്ത് ഋതുക്കളെ വരവേൽക്കുമ്പോൾ ഋതുക്കളുടെ ഓരോ കണികകളിലും ഐശ്വര്യവും സമൃതിയും കൊണ്ട് നിറയുവാൻ മാവേലി തമ്പുരാൻ്റെ നന്മയും തുമ്പപൂവിൻ്റെ പരിശുദ്ധിയും ഓരോ മനസുകളിലും ഓരോ പൊൻപുലരിയിലും എന്നും എപ്പോഴും നിറഞ്ഞ നിൽക്കട്ടെ.
--------------------------------------------------------------------------------------------------------------
Image courtesy: Image by Vinod John from Pixabay
Comments
Post a Comment