മനസ്സകലാതെ (The mind that does not go away)

മനസ്സകലാതെ




ഓരോ കണികകളും ഓരോ സ്പന്ദനം ആണ്...

ഓരോ കണികകൾക്കും പറയാൻ  ഒരായിരം കഥകൾ ഉണ്ട്...
ഓരോ കഥകളും ഓരോ  ഓർമപ്പെടുത്തലുകൾ  ആണ്....


മഴക്കൊപ്പം വന്ന ആ സുന്ദരി..  

അവൾക്കു നിലാവിന്റെ നിറമായിരുന്നു...

അരയോളം കിടക്കുന്ന കാർകൂന്തലിന്  രാത്രിയുടെ നിറവും...

കൺപ്പീലിയിൽ തങ്ങി നിന്ന ഓരോ  മഴത്തുള്ളികളും അവളുടെ  കൃഷ്ണമണിയുടെ തിളക്കം 

കൂട്ടികൊണ്ടേയിരുന്നു...

ആ കൃഷ്ണമണികൾ ഒരു ആഴ കടൽ പോലെ തോന്നി ...

അതിൽ മോഹങ്ങൾ അല  അടിക്കുന്നുണ്ടായിരുന്നു...

ആ മാൻമിഴി നോട്ടം എന്നിലേക്കേയത്...

മഴയിൽ നനഞ്ഞു കുതിർന്ന... വെള്ളികൊലുസ്സുകൾ അണിഞ്ഞ

ആ കാൽപ്പാദങ്ങൾ മാട കടയുടെ  വരണ്ട വരാന്തയിലൂടെ മുൻപോട്ട്  നീങ്ങി...

കുപ്പിവളകൾ അണിഞ്ഞ അവളുടെ  കൈയിൽ കരുതലിൻ്റെ വേറേയൊരു  കൈ അവളെ ചേർത്ത് പിടിച്ചിരുന്നു ...

ആ കൈയിൽ നിന്ന് കൈ വിടാതെ  അച്ഛൻ്റെ  അനുസരണയുള്ള  മകളായി അവൾ മുൻപോട്ട്  നീങ്ങുമ്പോഴും...

മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകളിൽ നിന്ന് ഇറ്റ് വീഴുന്ന  മഴത്തുള്ളികളുടെ ഇടയിൽ നിന്നുള്ള  അവളുടെ നോട്ടത്തിൽ  ഞാൻ ആ ആഴകടലിലെ നിറങ്ങൾ തേടി..


പാട വരമ്പത്തോട്ട് നീണ്ടുകിടക്കുന്ന ആ മാടകടയുടെ കല്ല്പടവുകൾ  ഇറങ്ങി അവൾ വീണ്ടും മെല്ലെ  നടന്നു...

അപ്പോഴും എൻ്റെ മനസ്സ് അവളുടെ  കണ്ണുകളിൽ ഉടക്കി കിടന്നിരുന്നു ..

വീണ്ടും ഒരു നോക്ക് കാണാൻ ഞാൻ  മെല്ലെ വരാന്തയിൽ നിന്ന് ഇറങ്ങി...

അപ്പോഴേക്കും...

ഓല മേഞ്ഞ കുടിലിൽ, സന്ധ്യക്ക്‌  തൊടുകുറി ചാർത്തിയ റാന്തൽ  വിളിക്കിൻ്റെ വെളിച്ചത്തിൻ പിന്നിൽ അവൾ മറഞ്ഞു...


ഇരുളിൻ്റെ മറവിൽ ഞാൻ ഉറങ്ങാൻ  കിടുന്നു എങ്കിലും ....

ഒരുപാട് വൈകിയ രാത്രി എന്നെ ഉറക്കത്തിലേക്കു മാടി വിളിക്കുന്നുണ്ടെങ്കിലും ..

അവളുടെ കണ്ണുകൾ എൻ്റെ ഉറക്കം കെടുത്തി.

തുറന്ന ജനാല വാതിലിലൂടെ മുഖത്ത്  വീണ മഴത്തുള്ളികൾ വീണ്ടും എൻ്റെ  ഓർമകളുടെ ആഴം കൂട്ടി...

ഇടക്കെപ്പോഴോ ഉറക്കത്തിലോട്ടു  വീണു പോയ എന്നെ കോടമഞ്ഞ്  വന്ന് തൊട്ടുണർത്തി...


അങ്ങനെ ആ പെരുമഴ കാലത്തെ ഓരോ ഇരുട്ട് കലർന്ന സന്ധ്യകൾക്കും പ്രണയത്തിൻ്റെ നിറങ്ങൾ ആയിരുന്നു.. 

ഓരോ മഴത്തുള്ളിയിലും അവളുടെ പ്രതിഫലനങ്ങൾ ആയിരുന്നു...


അങ്ങനെ ആശകളെല്ലാം നല്ലനാളയുടെ പരവതാനി വിരിച്ചു..

അതിലൂടെ ഒരു ആയുസ്സ്  ഒരുമിച്ച്  നടന്നു തീർക്കാൻ  ഞങ്ങൾ  കൊതിച്ചു...

പൂമര ചോട്ടിലും...

നദി തീരത്തും..

പാട വരമ്പത്തും... 

തോടിൻ്റെ വക്കത്തും എല്ലാം ..

പ്രണയം ഒരു ആൽമരമായി  ഞങ്ങളിൽ വളർന്നു...


ജൻമിയായ അച്ഛൻ്റെ വാശിപുറത്ത് ബാല്യം മായാത്തൊരു  കുട്ടിയെ പോലെ ഞാൻ കരഞ്ഞു...

അമ്മയുടെ മടിയിൽ തല വെച്ചു തേങ്ങുമ്പോൾ...

വാത്സല്യത്തിൻ്റെ ഒരു ചുടു കണ്ണീർ എൻ്റെ മുഖത്ത് പതിഞ്ഞു...

അതിൽ പേറ്റുനോവിൻ്റെ  നൊമ്പരം ഉണ്ടായിരുന്നു ...

നിസഹായ അവസ്ഥയുടെ ഒരു നെടുവീർപ്പ് ഉണ്ടായിരുന്നു..

ആ കണ്ണീർ എൻ്റെ ധർമസങ്കടത്തിന്  ഉത്തരമായിരുന്നു ....


അച്ഛൻ്റെ ബന്ധനത്തിൽ നിന്ന്  ഞാൻ പുറത്ത്  ഇറങ്ങുമ്പോഴും..

അമ്മ എന്ന തണൽ മരച്ചോട്ടിൽ  നിന്ന് വെയിലേറ്റ് കിടന്ന ആ നീണ്ട പാതയിലൂടെ പൊള്ളലേറ്റ് ഞാൻ നടന്നപ്പോഴും...


അവളുടെ കണ്ണുകൾ എൻ്റെ മനസ്സിൽ പതിഞ്ഞ് കിടന്നു ...

അവളുടെ ചിരി ,പൊട്ടി വീണ സ്ഫടികമുത്തുകൾ പോലെയും...

അവളുടെ വെള്ളികൊലുസ്സിന്  ശബ്ദം മഴത്തുള്ളിക്കിലുക്കം പോലെയും എൻ്റെ മനസ്സിൽ ആഴന്ന് ഇറങ്ങി കൊണ്ടെയിരുന്നു...


അച്ഛൻ്റെ പിടിവാശിയിൽ മനം നൊന്ത് പിച്ചവെച്ചു നടന്ന വീട്ടു മുറ്റത്തെ ഓരോ മണൽ തരികളും തട്ടി കളഞ്ഞ് ഞാൻ എൻ്റെ വൃന്ദാവനത്തിൽ പോയി ചേർന്നു ... 

അങ്ങനെ അവൾ എൻ്റെ പ്രിയസഖിയായി...

എൻ്റെ നല്ലപകുതിയായി..


അവളുടെ കണ്ണുകളിൽ തേടിയ ആ  ആഴകടലിലെ നിറങ്ങളെ  ഞാൻ കണ്ടു..

അതെല്ലാം സ്വപ്നങ്ങളുടെ പവിഴപുറ്റുകൾ ആയിരുന്നു..

പ്രതീക്ഷകളുടെ മുത്തുച്ചിപ്പികൾ ആയിരുന്നു..

ജീവിതത്തിൻ്റെ കൂടപ്പിറപ്പു പോലെ, 

ഒന്ന് ഒന്നിനെ തട്ടി ഒഴുകുന്ന ഓളങ്ങൾ പോലെ,

തടസ്സങ്ങൾ വന്നുകൊണ്ടേയിരുന്നു... 

ഓരോ പ്രതിസന്ധികളും ഓരോ കനൽമഴ പോലെ ആയിരുന്നു ...


എങ്കിലും അവൾ പകർന്നു തന്ന ധൈര്യം കനലിൽ വീണ മഞ്ഞുത്തുള്ളികൾ  പോലെയായിരുന്നു ..


പകുതി മറഞ്ഞു നിൽക്കുന്ന  പൂർണചന്ദ്രൻ പ്രതീക്ഷകൾ വാരിവിതറുന്ന പോലെ ....

എൻ്റെ ജീവിതത്തിലും അവൾ സ്വപ്നങ്ങൾ വാരിവിതറി....

അങ്ങനെ അവളുടെ കരുതലിൻ കൈകൾ എനിക്ക് ഒരു മാന്ദ്രിക വലയമായി മാറി..

ജീവിക്കാൻ പ്രേരിപ്പിച്ച ഒരു മാന്ദ്രിക വലയം ...


അവിടെ നിന്ന് ഞങ്ങൾ സ്വപ്നങ്ങൾ പടുത്ത് ഉയിർത്തി ...


കാലങ്ങൾ  കഴിഞ്ഞു ...

വർഷങ്ങൾ മുത്തശ്ശി ഇലകൾ  പോലെ കൊഴിഞ്ഞു പോയി...

ഓരോ ഋതുക്കളിലും കുളിർമയുള്ള ഓരോ രാവുകളും ....

പ്രതീക്ഷകളുടെ ഒരോ പ്രഭാതങ്ങളും അവൾ സമ്മാനിച്ചു...


അവളുടെ ഓരോ വാക്കും നെറ്റിയിൽ  ചാർത്തിയ നനവുള്ള ഭസ്മം പോലെയും...

അവളുടെ സാന്നിധ്യം പുതുമഴയിൽ  നനഞ്ഞ മണ്ണിൻ്റെ മണം പോലെയും ....


പക്ഷെ .....


പിന്നീട്  തിരിച്ചെത്തിയ പെരുമഴ കാലത്തിലെ ഒരു മഴത്തുള്ളിയിൽ പോലും അവളുടെ നിഴൽ പതിഞ്ഞില്ല... 

ജനൽചില്ല് മേലെ വന്ന് വീണ ഓരോ മഴത്തുള്ളിയും അവളെ തിരഞ്ഞുവെങ്കിലും കാണാൻ കഴിഞ്ഞില്ല ... 


അച്ഛൻ്റെ ശാപം എന്ന പോലെ, 

പ്രകൃതിക്ക് അസൂയ തോന്നിയത് പോലെ, 

കാലം അവളെ തിരികെ വിളിച്ചു.


കനവുകൾ ചില്ല് കൊട്ടാരം പോലെ  തകർന്നു....

ഒടുവിൽ ഞാൻ ഒരു ജീവചവമായി മാറി ....


തിരികെ വരാൻ ഒരിക്കലും  ആഗ്രഹിക്കാത്ത വീട്ടിലേക്ക്, ആ  ജന്മിയായ അച്ഛന് ഒരു ഭാരമായി

അമ്മക്ക് ഒരു തോരകണ്ണീരായി ഞാൻ മാറി.


നിറങ്ങളുടെ ഒരു കണികയും  ഇല്ലാത്ത ഈ ലോകത്തിൽ എന്നെ  തനിച്ചാക്കി അവൾ എങ്ങോമറഞ്ഞു ..

പിതൃക്കളുടെ മടിയിൽ തല ചായിച്ചു  കിടക്കുമ്പോഴും....അവൾ എന്നെ  ഓർത്ത് തേങ്ങുന്നുണ്ടാവാം ...

കളിപ്പാട്ടത്തിന് വാശി പിടിച്ച്  കരയുന്ന കുഞ്ഞിനെ പോലെ എൻ്റെ മനസ്സ്  അവൾക്കായ് കരഞ്ഞു ...

ഒരിക്കലും വരില്ല എന്ന്  അറിയാമായിട്ടും ഓരോ  കാൽപെരുമാറ്റവും അവളുടെ  ആയിരുന്നെങ്കിൽ എന്ന് ഞാൻ  ആശിച്ചു...

ഒടുവിൽ എൻ്റെ മുൻപിൽ അവളൊരു ചുവർ ചിത്രമായി മാറി....


അതിലെ അവളുടെ നോട്ടത്തിൽ  ഞാൻ എൻ്റെ തേങ്ങലുകൾ അടക്കി  പിടിച്ചു...

ആ കണ്ണുകളിൽ നോക്കുമ്പോൾ

ഞങ്ങൾ നെയ്തത ഓരോ കിനാവുകളും നൊമ്പരങ്ങളായി പിടഞ്ഞു...


അവളുടെ മുൻപിൽ കത്തി നിൽക്കുന്ന ദീപം എൻ്റെ  കണ്ണീർത്തുള്ളികളിൽ വീണ്ടും  നിറങ്ങളെ നിറച്ചു..

അതിൽ അവൾ മഴക്കൊപ്പം വന്ന ആ സുന്ദരിയായി വീണ്ടും മാറി...

ഞങ്ങൾ നെയ്തത സ്വപ്നങ്ങളിലൂടെ മനസ്സ് ഒരു ഭ്രാന്തനെ പോലെ അലഞ്ഞു..

അങ്ങനെ ഒരിക്കൽ,  എന്നോട് ദയ തോന്നിയ മരണം എന്നെ വന്ന് മാടി വിളിച്ചു... 


തിരികെ എത്തിയ ഈ മഴ കാലത്തെ ഓരോ മഴത്തുള്ളിയും ഓരോ മണൽ തരിയെ സ്വന്തമാക്കാൻ പോകുന്ന  കൂട്ടത്തിൽ ഇന്ന് ഞാനുമുണ്ട്..

അവർക്കൊപ്പം ഞാനും ആ മണ്ണിൽ  അലിഞ്ഞ് ചേർന്നു ..

അവൾ ഉറങ്ങി കിടക്കുന്ന ആ മണ്ണിൽ....


ഒരുമിച്ച് ജീവിച്ചു കൊതി തീരാൻ  അനുവദിക്കാതിരുന്ന ആ ഭൂമിയെ  നോക്കി ഞങ്ങൾ  നെടുവീർപ്പെടുമ്പോഴും...

ദൂരങ്ങൾ ആഴം കൂട്ടിയ സ്നേഹത്തിൽ കൈയോട് കൈ ചേർത്ത് മാനത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളായി ഞങ്ങൾ നിൽക്കുന്നു...


ആർക്കും...

ഒരിക്കലും...

വേർപിരിക്കാൻ കഴിയാത്ത രണ്ട്  വെള്ളിനക്ഷത്രങ്ങൾ....







Comments

Post a Comment

Popular posts from this blog

ഒരു ചുവർ ചിത്രം (A Portrait)

ഓർമ്മകളിലെ ഡിസംബർ

മഴത്തുള്ളിക്കിലുക്കം