ഒരു മഴത്തുള്ളിയുടെ യാത്ര (Journey of a raindrop)
വിണ്ണിൽ നിന്ന് കൂടപ്പിറപ്പുകളെ വിട്ടുപിരിയുമ്പോൾ
ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു..
നെഞ്ച് തേങ്ങുന്നുണ്ടായിരുന്നു..
ഒരുമിച്ച് കളിച്ചു നടന്നപ്പോഴും..
ഒരുമിച്ചു കെട്ടിപിടിച്ച് ഉറങ്ങുമ്പോഴും..
മേഘകെട്ടുകളായി ഒഴുകി നടന്നപ്പോഴും.
ഇടിമുഴക്കി വഴക്കുണ്ടാക്കിയപ്പോഴും..
മിന്നലായി വന്ന് പേടിപ്പിച്ചപ്പോഴും...
അച്ഛനെന്ന സൂര്യനൊപ്പം മാനത്ത് ഒളിച്ചു കളിച്ചപ്പോഴും...
ഞാനെന്ന മഴത്തുള്ളി അറിഞ്ഞിരുന്നില്ല...
സുന്ദരമായ ഈ ജീവിതം ഇത്രെയും ക്ഷണികമാണെന്ന്..
കൂടുവിട്ട് മരണത്തിലേക്ക് അടർന്നു വീണപ്പോള്‍....
അച്ഛൻ പകർന്നു തന്ന ധൈര്യവും അമ്മ ഓതി തന്ന സ്നേഹ മന്ത്രങ്ങളും എന്നും കൂട്ടായി ഉണ്ടായിരുന്നു...
അമ്മ തന്ന ഏഴു മന്ത്രങ്ങൾ മൗനമായി എൻ്റെ ഉള്ളിൽ മയങ്ങി..
അച്ഛൻ തൊടുത്തു വിട്ട ശക്തിയില്‍ ആ ഏഴു മന്ത്രങ്ങൾ ഏഴു നിറങ്ങളായി മാറി...
അച്ഛന്റെ കിരണങ്ങൾ ഏൽക്കുമ്പോൾ എൻ്റെ ഉള്ളിലെ നിറങ്ങൾ മിന്നിത്തിളങ്ങി ..
ഞാൻ എന്ന മഴത്തുള്ളി ഒരു പൂമൊട്ടായി മാറി..
നിറങ്ങളെ ഒളിപ്പിച്ചു വെച്ച ഒരു പൂമൊട്ട്...
തൊട്ടുരുമ്മി ഇരുന്ന നിറങ്ങൾ,
കാറ്റിൽ ഉലയുന്ന ഇലകളെ പോലെ..
എൻ്റെ ഉള്ളിൽ പതുക്കെ ആടി ഉലയുമ്പോൾ,
സ്നേഹ മന്ത്രങ്ങൾ ഉരുവിടുന്നത് പോലെ...
ആ മന്ത്രങ്ങൾ,ഏഴ് നിറങ്ങൾ മീട്ടിയ ഏഴ് സ്വരങ്ങൾ പോലെ..
അച്ചുതണ്ടിൽ നിന്ന് അച്ഛൻ മെല്ലെ ചലിച്ചപ്പോൾ, എൻ്റെ ഉള്ളിലെ നിറങ്ങൾ മിന്നി ചിതറി മാനത്തെ മഴവില്ലായി മാറി..
അമ്മ ചൊല്ലി തന്ന മന്ത്രങ്ങൾ,വർണ്ണങ്ങൾ നിറഞ്ഞ രുദ്രാക്ഷ മാലയായി മാനത്ത് വിരിച്ചിട്ട്..
മെല്ലെ മെല്ലെ ഞാൻ യാത്ര തുടർന്നു..
മർത്യരുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി എൻ്റെ മനസ്സ് നിറച്ചു..
ഈറനണിഞ്ഞു നിൽക്കുന്ന വയലേലകൾ..
മുഖത്തു നിന്ന് മഴത്തുള്ളികളെ തുടച്ചു നീക്കാൻ മടിച്ചു നിൽക്കുന്ന പൂക്കൾ..
പച്ചിലകളിൽ വീണു കിടക്കുന്ന മഴത്തുള്ളികളെ താലോലം ആട്ടുന്ന ഇളംതെന്നൽ..
ഇളംതെന്നലിനൊപ്പം വെള്ളം തട്ടിത്തെറിപ്പിച്ചു കളിക്കുന്ന നീർത്തോടുകൾ..
പ്രകൃതിക്ക് കുട ചൂടി നിൽക്കുന്ന കൂറ്റൻ മരങ്ങൾ...
ചാഞ്ഞ മരകൊമ്പിൽ ഊഞ്ഞാൽ ആടി കളിക്കുന്ന ചെല്ലക്കാറ്റുകൾ..
മാവിൻ മുകളിലെ മാമ്പഴം പറിക്കാൻ മത്സരിക്കുന്ന കുറുമ്പൻകുട്ടികൾ..
മരച്ചില്ലയിൽ കൂടു കൂട്ടിയേക്കുന്ന ഇണക്കിളികൾ..
ഇതെല്ലാം കണ്ട് എൻ്റെ ഉള്ളിൽ ഇക്കിളി കൂട്ടുന്ന നിറങ്ങൾ.
അതിമനോഹരമായ....
കണ്ണിനു കുളിർമയേകുന്ന…
സുന്ദരമായ ഈ കാഴ്ച്ചകൾ ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞു പോകല്ലേ എന്ന പ്രാർത്ഥനയോടെ,
നിറങ്ങൾ നിറച്ച ചില്ലുകുപ്പി പൊട്ടി ഉടയുന്നത് പോലെ അമ്മയുടെ മടിത്തട്ടിൽ ഞാൻ ചിന്നി ചിതറി..
തെറിച്ച് വീണ കുപ്പിച്ചില്ലുകൾ പോലെ, എൻ്റെ കണ്ണീർ അമ്മയെ വേദനിപ്പിച്ചു..
ഭൂമിദേവിയായ അമ്മയുടെ മുഖം ഒരു നോക്ക് കൂടി ഞാൻ കണ്ടു ..
തബലമേൽ താളം വെക്കുന്ന വിരലുകൾ പോലെ അമ്മയുടെ മടിതട്ടിൽ ഞാൻ നൃത്തം വെച്ചു തളർന്നു വീണു..
അമ്മയുടെ നെഞ്ചിലെ ചൂടിലും തലോടിത്തന്ന സ്നേഹത്തിലും
ഞാനും...
എൻ്റെ നിറങ്ങളും...
നിറങ്ങൾ മീട്ടിയ സ്വരങ്ങളും....
വേദനകൾ അടക്കി പിടിച്ചുറങ്ങി...
അച്ഛൻ തിരികെ വിളിക്കുമെന്ന ഉറപ്പിൽ...
വീണ്ടും ഒരു ജന്മം തരും എന്ന പ്രതീക്ഷയിൽ ഞാൻ നിദ്രയിലാണ്ടു…
Amazing poem 👌👌like the way you portray Sun as father( burning always) , earth as mother ( a born healer) and rain as children (fresh and playful) .. perfect family who forms a beautiful rainbow 👏👏
ReplyDeleteNice... Amazing work...
ReplyDeleteTouched my heart🥰🥰🥰old memories...keep going my lovely one
ReplyDeleteSuch a beautiful childhood you explained....and the other half is totally new face to see..🥰🥰awesome
ReplyDelete