മണ്ണിൽ മയങ്ങുന്ന നൊമ്പരങ്ങൾ
മൃതസംഞ്ജീവിനിയുടെ ഉറവിടവും ജീർണതയുടെ അവസാനവും ഒരിടത്തോ?
തീ ചീറ്റുന്ന രാക്ഷസിയും കനിവിന്റെ നീരുറവ ഒഴുക്കുന്ന മാലാഖയും ഒരാളോ?
ജീവനും ജീവനറ്റതും ഒരേ കിടക്കയിലോ?
"ഭൂമിദേവിയായ നിന്നോട് ചോദിക്കാൻ ഞാൻ കരുതി വെച്ചേക്കുന്നെ ചോദ്യങ്ങൾ ഇങ്ങനെ ഏറെയുണ്ട്..
നിന്റെ ഉള്ളിലെ അന്ധകാരത്തിലെ നിഗൂഢതയുടെ കഥകൾ എന്റെ വേരുകൾ എനിക്ക് പറഞ്ഞു തരാറുണ്ട്...
എന്റെ വേരുകൾക്ക് എന്നെ പോലെ ഒരു കൂറ്റൻ തണൽ മരത്തെ താങ്ങി നിർത്താനുള്ള ശക്തി,അതിനെ നെഞ്ചോടു ചേർത്ത് പിടിച്ചു നീ നൽകിയ നനവിൽ പൊതിഞ്ഞ സ്‌നേഹത്തിന്റെ ശക്തിയാണ്..
ആ ശക്തിയാണ് എന്റെ ജീവൻ..
ഈ പ്രകൃതിയുടെ ജീവൻ..
രാത്രി പുലരാൻ ഇനിയും നാഴികകൾ ബാക്കിയുണ്ട്..
രാത്രിയിൽ കേട്ടുറങ്ങാൻ ഉള്ള ഇന്നത്തെ കഥ നിന്നിലുള്ള വിസ്മയങ്ങളുടെ കഥ ആയാൽ മതി" , ഞാൻ എന്ന തണൽ മരം ചിണുങ്ങി കൊണ്ടേയിരുന്നു..
ഭൂമി ദേവിയായ അമ്മയ്ക്ക് മൗനം പാലിക്കാൻ പറ്റിയില്ല...അമ്മ പറഞ്ഞു തുടങ്ങി...
"ഞാൻ വെറും മണ്ണ് ആണ്..
എങ്കിലും,
എന്റെ ഉള്ളിൽ, ജലരേഖ പോലെ മാഞ്ഞു പോയ സ്വപ്നങ്ങളെ,
തേങ്ങലുകളായി ഒതുക്കി പിടിച്ച്,
കാലൊച്ച ഇല്ലാതെ,
ഉണങ്ങാത്ത മുറിവികളുള്ള വറ്റാത്ത സങ്കടളുള്ള ,
എരിഞ്ഞു തീരാത്ത കനൽ പോലെ പ്രതീക്ഷകളുള്ള ,
ഇനിയും ഒരു മടക്കയാത്ര ഇല്ല എന്ന തിരിച്ചറിവോടെ,
സ്വപ്നങ്ങൾ എന്ന വർണ്ണങ്ങളെ ഒരു ചിത്രശലഭം പോലെ ഭൂമിയിലേക്ക് പറത്തി വിട്ട്,
ഉള്ളിലെ വെളിച്ചത്തെയും കൂടെ ഉള്ള നിഴലിനെയും അടർത്തി മാറ്റി,
സ്വയം ഒരു നിഴലായി മാറിയ കുറെ ആത്മാക്കൾ ഉണ്ട്.
വിശാലമായി തുറന്ന് കിടക്കുന്ന ഈ മണ്ണ് എന്ന വലിയ കലവറയിലേക്ക് ഒരു കടലോളം കണ്ണീർകൊണ്ട് അവർ കയറി വരുമ്പോൾ...
ആ കണ്ണീരിൽ തങ്ങി നിൽക്കുന്ന നൊമ്പരങ്ങളുടെ ചൂടിൽ,
ഞാൻ എന്ന ഭൂമി കൂടുതൽ കൂടുതൽ വരണ്ടതാകുന്നു..
കാണാമറയത്ത് ആണെങ്കിലും മക്കളുടെ ഹൃദയസ്പന്ദനം അറിയുന്ന അമ്മമാർ എന്റെ ഉള്ളിൽ ഉണ്ട്.
അവരുടെ വേദനകൾ കണ്ട് എന്റെ ഉള്ളവും വിതുമ്പുന്നു....
ജന്മം കൊടുത്തിട്ട് കുഞ്ഞിന്റെ മുഖം ഒരു നോക്കുപോലും കാണാൻ കഴിയാതെ, മരണം കനിവ് കാണിക്കാത്ത അമ്മമാർ... അവരുടെ മടിയിൽ എന്റെ ഉള്ളിലെ ഓരോ വെള്ളാരം കല്ലുകളും ഒരു കുഞ്ഞായി മാറുന്നു..
പൂവിന്റെ മാറിൽ നിന്ന് മലർ പൊടികളെ, അനുവാദമില്ലാതെ ആഞ്ഞുവീശിയ തെക്കൻ കാറ്റ് എവിടെയോ കൊണ്ട് എറിഞ്ഞു കളഞ്ഞത് പോലെ,
ഒട്ടും നിനച്ചിരിക്കാതെ അമ്മയുടെ സ്നേഹചൂടിൽ നിന്ന് പറിച്ചു മാറ്റിയ കുഞ്ഞുങ്ങൾ......
അവരെ കാണുമ്പോൾ എന്റെ ചങ്കും പിടയുന്നു..
എങ്കിലും മണ്ണോടു ചേർന്ന് കിടക്കുന്ന മാരിവില്ലിന് നിറങ്ങൾ,
ചിതറി വീഴുന്ന വർണ്ണ കടലാസ്സുകളായി മാറി,അവരുടെ മേലേക്ക് തൂകുമ്പോൾ
മിന്നാമിനുങ്ങിന്റെ വെളിച്ചത്തിന് വർണ്ണങ്ങൾ ചാലിച്ചത് പോലെ അവർക്ക് ചുറ്റും വട്ടമിട്ട് കളിക്കുമ്പോൾ ...
കുടുകുടെ ചിരിക്കുന്ന കുഞ്ഞോമനകളുടെ ചിരിയുടെ നിഷ്കളങ്കത എന്റെ മനസ്സിനെയും
അവരുടെ ഒറ്റപ്പെടൽ
കണ്ണീരായി എന്റെ കണ്ണുകളെയും നിറക്കുന്നു.
എന്റെ ഉള്ളിലെ അന്ധകാരം സത്യങ്ങളുടെ തിരിച്ചറിവാണ്...
കുറ്റബോധങ്ങളുടെ ഒരു കലവറ ആണ്..
സ്നേഹിക്കുന്നവരെ മനസ്സിൽ ഇട്ട് താലോലിക്കുന്ന കുറെ അധികം ആത്മാക്കളുടെ കിടക്കയാണ്...
എന്റെ ഉള്ളിൽ ഞാൻ താഴ് ഇട്ട് പൂട്ടിയേക്കുന്ന ഒരു മൺകുടം ഉണ്ട്...
അതിൽ,നിഷ്കളങ്കത നിറഞ്ഞ കണ്ണീർ തുള്ളികളുടെയും നിരപരാധിത്വം നിറഞ്ഞ രക്തത്തുള്ളികളുടെയും ചോദ്യങ്ങളാണ്.
ഓരോ തുള്ളിക്കും ചോദിക്കാനുള്ളത് ഒരേ ഒരു ചോദ്യം...
"എന്തിനു വേണ്ടി ആയിരുന്നു "...
എല്ലാ ആത്മാക്കൾക്കുമുണ്ട് ആശകൾ...
ക്ഷമ ചോദിക്കാൻ ഒരു അവസരം തന്നിരുന്നെങ്കിൽ,
സ്നേഹിക്കാൻ ഒരു അവസരം കൂടി കിട്ടിയിരുന്നെങ്കിൽ,
വിടചൊല്ലാൻ ഒരു നിമിഷം എങ്കിലും ഉണ്ടായിരുന്നുവെങ്കിൽ,
കാലമേ നീ ഒന്ന് തിരികെ കറങ്ങിയെങ്കിൽ....
അങ്ങനെ ഒരു കുന്നോളം നൊമ്പരങ്ങളും ഒരിക്കലും സാധ്യമാകാത്ത കനവുകളുമായി കുറെ അമ്മമാരും അച്ഛന്മാരും സഹോദരങ്ങളും മിത്രങ്ങളും കുഞ്ഞുങ്ങളും മുത്തശ്ശന്മാരും മുത്തശ്ശിമാരും ഒരു കുടുംബം പോലെ എന്റെ ഉള്ളിൽ..
ഇവിടെ പരിഭവങ്ങളും പരാതികളും ഇല്ല.
തേങ്ങലുകൾ എല്ലാം ഓളങ്ങളായി അലയടിക്കുന്ന...
എല്ലാ ഓളങ്ങൾക്കും മൗനത്തിന്റെ സ്വരവും ഏകാന്തതയുടെ നിറവുമുള്ള ഒരു മണ്ണ്കൂടാരം...
എന്നിൽ പിച്ച വെക്കുന്നതിനു മുൻപേ പിഞ്ച്കുഞ്ഞുങ്ങളുടെ കാൽപാദങ്ങൾ ഒരു പൂവിതളായി അമ്മയുടെ മാറിൽ തഴുകുന്നത് പോലെയാണ്...
ഓരോ വൃക്ഷങ്ങളുടെ വേരും,
എന്നെ ചവിട്ടി നടക്കുന്ന ഓരോരുത്തരുടെയും കാൽച്ചുവടുകളും...
കുതിച്ചോടുന്ന കുതിരയുടെ കാലുകളും...
പിച്ചവെച്ച് നടക്കുന്ന പിഞ്ചോമനകളുടെ കാല്പാദങ്ങും,
എന്റെ ഉള്ളിൽ കുഴികുത്തി കൂടുകൂട്ടി കളിക്കുന്ന ഞണ്ടുകളും മുയലുകളും എല്ലാം....
എല്ലാം എന്റെ മക്കൾ തന്നെ ആണ്...
ആകാശം തൊട്ടു നിൽക്കുന്ന മലകളും അതിന്റെ മുകളിൽ എല്ലാം വെട്ടി പിടിച്ച ഭാവത്തോടെ നിൽക്കുന്ന മരങ്ങളും എന്റെ മക്കൾ തന്നെ..
ജന്മം കൊടുക്കുന്നത് ഞാനാണെങ്കിലും സൗന്ദര്യം കൊടുക്കുന്നത് ആകാശമാണ്.
ആകാശത്ത് തിളങ്ങി നിൽക്കുന്ന സൂര്യൻ പകലിൽ പ്രകൃതിയുടെ മേലെ പൊൻഅണിയിക്കുമ്പോൾ..
അണയാൻ പോകുന്ന ദീപം ആളികത്തുന്നത് പോലെ....
സന്ധ്യ നേരത്ത്,കുങ്കുമത്തിന് സ്വർണത്തരികൾ വാരിവിതറിയ പോലെ അതീവ സുന്ദരിയായ പ്രകൃതിയെ അന്ധകാരം വന്നു വിഴുങ്ങി കളയുന്നത് ഞാൻ അൽപം സങ്കടത്തോടെ നോക്കി കിടക്കും...
അന്ധകാരത്തെ വെല്ലുവിളിച്ച് നക്ഷത്രങ്ങളും ചന്ദ്രനും എനിക്ക് വേണ്ടി തെളിയുമെങ്കിലും...
അപ്പോൾ പ്രകൃതിക്ക് മറ്റൊരു ഭംഗി ആണെങ്കിലും....
ഒരു നിമിഷം പോലും കണ്ണ് എടുക്കാതെ ഭൂമിയിലുള്ള ഓരോ മക്കളെയും കണ്ണ് നിറയെ കണ്ടു കൊണ്ടിരിക്കണം എന്ന് ആഗ്രഹിക്കുന്ന അത്യാഗ്രഹിയായ ഒരു അമ്മയായി മാറും ഞാൻ..
പ്രഭാതത്തിൽ പൊട്ടിവിടരുന്ന സൂര്യകിരണങ്ങൾ അന്ധകാരത്തിന്റെ മേലെ വലിച്ചു എറിയുന്ന കുപ്പിച്ചില്ലുകൾ പോലെ തോന്നും..
അതു കാണുമ്പോൾ എന്റെ മനസ്സ് ഒന്ന് ആന്ദിക്കും...
ഇങ്ങനെ ആണെങ്കിലും,
ജന്മം തന്ന ഓരോ കുഞ്ഞുങ്ങളെയും ആത്മാക്കളായി ഏതോ ഒരു ശക്തി വീണ്ടും എന്റെ ഗർഭപാത്രത്തിലേക്ക് തിരികെ അയക്കുമ്പോൾ,
ചെയ്തു തീർക്കാൻ ബാക്കി വെച്ച അവരുടെ സ്വപ്നങ്ങൾ കൊണ്ട് എന്റെ ഉള്ളം നിറയുമ്പോൾ,
എന്നും ഞാൻ പേറ്റുനോവ് അനുഭവിക്കുന്ന അമ്മയായി മാറുന്നു..
അന്ധകാരത്തിനെല്ലാം ഒരേ നിറമാണ്...
എങ്കിലും, രാത്രിയുടെ അന്ധകാരത്തെ ആത്മാക്കൾ കൂടുതൽ കാത്തിരിക്കുന്നു...
രാത്രിയായാൽ,
ആകാശം അനുവാദിച്ചാൽ,
എല്ലാരും ഈ മണ്ണ് വിട്ട് വീണ്ണിലേക്കു പറന്നു ഉയരും...
കുറെ വെള്ളിനക്ഷത്രങ്ങളായി മാറാൻ.
ആ രാത്രി കാണുമ്പോൾ ആകാശം നക്ഷത്രകല്ലുകൾ പതിപ്പിച്ച കീരിടം വെച്ച ഒരു രാജകുമാരൻ ആയി മാറിയത് പോലെ തോന്നും.
ഓരോ നക്ഷ്ത്രത്തിളക്കവും, വേർപിരിയലിന്റെ ഓരോ നുറുങ്ങ് വെട്ടം ആണ്..
കണ്ണെത്താദൂരെ നിന്ന് പ്രിയപ്പെട്ടവരെ കാണുമ്പോൾ ഉള്ള ഒരു നിശ്വാസം ആണ്...
അന്നത്തെ കുളരുള്ള നിലാവിന് പോലും നോവിന്റെ നനവാണ്.
ഇവിടെ കിടന്ന് ഞാൻ ആ ആകാശം എന്ന രാജകുമാരനെ കണ്ണ് നിറയെ കാണും.
മനുഷ്യർക്കു ഇനിയും എത്തിപെടാത്ത എന്റെ ഉള്ളിലെ ആഴങ്ങളിലും
മനുഷ്യർ തൊട്ട് കളങ്കപ്പെടുത്താത്ത ആഴകടലിലെ പവിഴപുറ്റുകളിലും ഇനിയും ആരും കാണാത്ത നിറങ്ങളും ആരും കേൾക്കാത്ത സ്വരങ്ങളും ഉണ്ട്.
മുത്തശ്ശി കഥകളിൽ മാത്രം കെട്ടിട്ടുള്ള കടലിന്റെ അടിത്തട്ടിലുള്ള കൊട്ടാരവും അതിൽ മറഞ്ഞു കിടക്കുന്ന നിഗൂഢ സത്യങ്ങളുമുണ്ട്. ഈ സത്യങ്ങൾ എന്റെ ഉള്ളിലെ ആത്മാക്കൾക്കെല്ലാം ഒരു പുത്തൻ അറിവാണ്.
ഈ തിരിച്ചറിവാണ് മനുഷ്യരും മനുഷ്യർ കാട്ടുന്നതും എത്ര നിസാരം എന്ന് അവർക്കു തോന്നുന്നത്.. കണ്ടതിലും മനസിലാക്കിയതിലും അനുഭവിച്ചതിലും ഏറെ ഇനിയുമുണ്ട് പ്രപഞ്ചരഹസ്യങ്ങൾ എന്നത് ഓരോ ആത്മാക്കളെയും കൂടുതൽ കുലീനാരാക്കുന്നു..
നാളെ പൊട്ടിവിടരുന്ന ജീവനുവേണ്ടി മനുഷ്യർ മണ്ണിൽ കാത്തിരിക്കുമ്പോൾ കാത്തിരിക്കാനോ പ്രതീക്ഷിക്കാനോ ഒന്നുമില്ലാത്ത ആത്മാക്കൾ ചലനമറ്റ് വിദൂരദയിലേക്ക് നോക്കിയിരിക്കുന്നു.
പ്രപഞ്ചം എന്ന വലിയ കഥയിൽ അങ്ങിങ്ങായി ചിതറി കിടക്കുന്ന കുറച്ചു അക്ഷരങ്ങൾ ആണ് മനുഷ്യർ. അതിന്റെ അപ്പുറവും ഇപ്പുറവും ഒളിഞ്ഞു കിടക്കുന്ന ചുരുൾ അഴിയാത്ത രഹസ്യങ്ങൾ അറിയാതെയും മനസിലാക്കാതെയും മനുഷ്യർ എങ്ങോട്ടേക്കോ സഞ്ചരിക്കുന്നു..
എന്തിനോവേണ്ടിയൊ ഓടുന്നു... അവസാനം മണ്ണിലേക്ക് തന്നെ എന്ന് തിരിച്ചറിവില്ലാതെ എന്തൊക്കയൊ ഉള്ളംകൈയിൽ ഒതുക്കാൻ ശ്രമിക്കുന്നു..
വിണ്ണിന്റെയും മണ്ണിന്റെയുമിടയിൽ എവിടെയൊക്കെയൊ തങ്ങി നിൽക്കുന്ന മഴത്തുള്ളികൾ പോലെ ആണ് ഓരോ ജീവിതങ്ങളും..
തിരികെ മണ്ണിൽ അലിയുന്നതിന് മുൻപേ ഭൂമിയിലുള്ള നിമിഷങ്ങൾ ആസ്വദിക്കുക...
എല്ലാരുടെയും മനസ്സിൽ കുളിരുള്ള ഓർമ്മകൾ സമ്മാനിക്കുക .........."
നൊമ്പരപുതപ്പിൽ പുതച്ചു ഉറങ്ങുന്ന ആത്മാക്കളുടെ കഥകളും ഭൂമി ദേവിയായ അമ്മയുടെ ഉപദേശവും കേട്ടിരുന്നു എനിക്ക് സമയം പോയത് അറിഞ്ഞില്ല...
സ്നേഹത്തിന്റെ നനവോടെ ഉറക്കത്തിന്റെ സ്പർശനത്തോടെ അമ്മ എന്റെ വേരുകളെ മാറോടു അടക്കി പിടിച്ചെങ്കിലും ഓരോ കണ്ണിമയിലും പുസ്തകതാളുകൾക്കിടയിൽ ഒരിക്കലും മാനം കാണാൻ അവകാശം ഇല്ലാത്ത മയിൽപ്പീലിയെ പോലെ അന്ധകാരത്തിന്റെ ഏടുകൾക്കിടയിൽ ഞെങ്ങിഅമരുന്ന ആത്മാക്കളുടെ നിഴലാട്ടം ആയിരിന്നു..
പക്ഷെ,
അമ്മയുടെ സ്നേഹചൂടിൽ ഞാൻ എന്ന കൂറ്റൻ മരം എപ്പോഴോ നിദ്രയിലാണ്ടു പോയി..

😍😍😍💐💐💐💐🥰🥰🥰
ReplyDeleteThank you...
DeleteSuperb ....so touching yar.🥰🥰🥰
ReplyDeleteGreat work dear.. keep it up👏👏
ReplyDelete