മണ്ണിൽ മയങ്ങുന്ന നൊമ്പരങ്ങൾ

മൃതസംഞ്ജീവിനിയുടെ ഉറവിടവും ജീർണതയുടെ അവസാനവും ഒരിടത്തോ? തീ ചീറ്റുന്ന രാക്ഷസിയും കനിവിന്റെ നീരുറവ ഒഴുക്കുന്ന മാലാഖയും ഒരാളോ? ജീവനും ജീവനറ്റതും ഒരേ കിടക്കയിലോ? "ഭൂമിദേവിയായ നിന്നോട് ചോദിക്കാൻ ഞാൻ കരുതി വെച്ചേക്കുന്നെ ചോദ്യങ്ങൾ ഇങ്ങനെ ഏറെയുണ്ട്.. നിന്റെ ഉള്ളിലെ അന്ധകാരത്തിലെ നിഗൂഢതയുടെ കഥകൾ എന്റെ വേരുകൾ എനിക്ക് പറഞ്ഞു തരാറുണ്ട്... എന്റെ വേരുകൾക്ക് എന്നെ പോലെ ഒരു കൂറ്റൻ തണൽ മരത്തെ താങ്ങി നിർത്താനുള്ള ശക്തി,അതിനെ നെഞ്ചോടു ചേർത്ത് പിടിച്ചു നീ നൽകിയ നനവിൽ പൊതിഞ്ഞ സ്‌നേഹത്തിന്റെ ശക്തിയാണ്.. ആ ശക്തിയാണ് എന്റെ ജീവൻ.. ഈ പ്രകൃതിയുടെ ജീവൻ.. രാത്രി പുലരാൻ ഇനിയും നാഴികകൾ ബാക്കിയുണ്ട്.. രാത്രിയിൽ കേട്ടുറങ്ങാൻ ഉള്ള ഇന്നത്തെ കഥ നിന്നിലുള്ള വിസ്മയങ്ങളുടെ കഥ ആയാൽ മതി" , ഞാൻ എന്ന തണൽ മരം ചിണുങ്ങി കൊണ്ടേയിരുന്നു.. ഭൂമി ദേവിയായ അമ്മയ്ക്ക് മൗനം പാലിക്കാൻ പറ്റിയില്ല...അമ്മ പറഞ്ഞു തുടങ്ങി... "ഞാൻ വെറും മണ്ണ് ആണ്.. എങ്കിലും, എന്റെ ഉള്ളിൽ, ജലരേഖ പോലെ മാഞ്ഞു പോയ സ്വപ്നങ്ങളെ, തേങ്ങലുകളായി ഒതുക്കി പിടിച്ച്, കാലൊച്ച ഇല്ലാതെ, ഉണങ്ങാത്ത മുറിവികളുള്ള വറ്റാത്ത സങ്കടളുള്ള ...